ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മധുരയില്‍നിന്നും പത്താം നൂറ്റാണ്ടോടെ വന്നവരാണ് തരുവേഎന്ന നെടുംപുറയൂര്‍ നാട്ടുടയവര്‍. ഇവര്‍ പെരുമാക്കന്‍മാരുടെ സേനാധിപന്മാരായിരുന്നുവെന്നും പിന്നീട് പാലക്കാട് ചുരത്തിന്റെ ഇടയിലുള്ള ഭൂവിഭാഗം കയ്യടക്കി അതിന്റെ അധിപരായി വാണു എന്നുമാണ് ചരിത്രം. മേല്‍ പ്രസ്താവിച്ച തരുവൈഇന്നത്തെ തരൂര്‍ ആയി മാറിയെന്നാണ് ചരിതം സൂചിപ്പിക്കുന്നത്. 1930കളില്‍ തരൂര്‍ സന്ദര്‍ശിക്കുവാനിടയായ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ തരൂരിനെ തരുക്കളുടെ ഊരായും തരുന്നവരുടെ ഊരായും വ്യാഖ്യാനിച്ചത് ശ്രദ്ധേയമാണ്. ഒരുഭാഗത്ത് ജന്‍മിത്തവും നാടുവാഴിത്തവുംമറുഭാഗത്ത് ഇതിന്റെ പീഡനങ്ങളും മര്‍ദ്ദനങ്ങളുമേറ്റു വാങ്ങുന്ന കര്‍ഷകനും, കര്‍ഷക തൊഴിലാളികളും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും എന്നതായിരുന്നു സാമൂഹ്യ അവസ്ഥ. ഇതേ കാലഘട്ടത്തില്‍തന്ന അയിത്തം, തൊട്ടുകൂടായ്മതീണ്ടികൂടായ്മ തുടങ്ങിയ അനാചാരങ്ങളും തരൂരംശത്തില്‍ ശക്തമായി നിലനിന്നിരുന്നു. അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നല്‍പ്പിനായി സംഘടിത കര്‍ഷകപ്രസ്ഥാനം വളര്‍ന്നുവന്നത് അക്കാലത്താണ്. 1952ലെ ജന്‍മിത്തത്തിനെതിരെയുള്ള സമരം തരൂര്‍ പ്രദേശത്തും അലയടിച്ചിരുന്നു. ഭൂമി ഒഴിപ്പിക്കലിനെതിരെയുള്ള സമരം, മര്യാദപാട്ടം നിശ്ചയിക്കുന്നതിനുള്ള സമരംപാട്ടപ്പറ, വലിയ ഇടങ്ങഴി തുടങ്ങിയവ മാറ്റി അളവിലെ കൃത്രിമം ഒഴിവാക്കാനുള്ള സമരം എന്നിവയിലും തരൂരിന്റെ കിഴക്കും പടിഞ്ഞാറും പ്രദേശങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന കെ.പി.കേശവമേനോന്‍, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1943 ഫിബ്രവരി 16ന് അലിപ്പൂര്‍ ജയിലില്‍ വെച്ച് വീരചരമം പ്രാപിച്ച ടി.പി.കോമ്പുക്കുട്ടിമേനോന്‍ തുടങ്ങി ഒട്ടനവധി സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് തരൂര്‍ ജന്മം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ന്ധപ്പെട്ട കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം തരൂരില്‍ ശക്തമായിരുന്നു. ഭീമന്‍ ഗുരുജിയുടേയും മറ്റും നേതൃത്വത്തില്‍ തരൂരംശത്തില്‍ ദേശീയ പ്രസ്ഥാനം പടര്‍ന്നുപിടിച്ചു. 1946ല്‍ റ്റി.കെ.ഉണ്ണാലച്ചന്‍ മാസ്റര്‍ അമരക്കാരനായിക്കൊണ്ട് കോമ്പുക്കുട്ടിമേനോന്റെ സ്മരണാത്ഥം ആരംഭിച്ച ശ്രീ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയം തരൂരിലെ കലാസാംസ്കാരിക കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു. തരൂരിന്റെ സാംസ്ക്കാരികമുന്നറ്റങ്ങളില്‍ ഈ ഗ്രന്ഥാലയത്തിന്റെ പങ്ക് നിസ്തുലമാണ്. ടി. കെ. ഉണ്ണാലച്ചന്‍ മാസ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 1948ല്‍ ഗാന്ധി പ്രതിമ തരൂരില്‍ സ്ഥാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ഗാന്ധി പ്രതിമ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ ഗാന്ധിപ്രതിമയാണെന്നറിയുന്നു. 1956-57ലാണ് തരൂരംശത്തിനെയുംവാവുള്ള്യാപുരം ദേശത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗായത്രിപുഴയ്ക്ക് കുറുകെയുള്ള പാലം പണിതീര്‍ത്തത്. ആ കാലഘട്ടത്തിലാണ് ആചാര്യ വിനോബഭാവെ ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് തരൂരിലെത്തുന്നത്. അദ്ദേഹത്തിന് അകമ്പടിയായി വന്ന വാഹനങ്ങളായിരുന്നു ഈ പാലത്തിലൂടെ ആദ്യമായി സഞ്ചരിച്ചത്. കൃഷി ഭൂമി കര്‍ഷകന്” എന്ന മുദ്രാവാക്യമുയര്‍ന്ന ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള സമരത്തിലും തരൂരിലെ ബഹുജനപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. 1967ല്‍ വന്ന ഗവണ്‍മെന്റ് സമഗ്ര ഭൂപരിഷ്ക്കരണബില്ല് പാസാക്കിയെങ്കിലും ഇതിന്റെ പ്രയോജനം ജനങ്ങളിലേക്കെത്തിക്കുവാന്‍ മിച്ചഭൂമി കൈയ്യേറ്റം പോലുള്ള ശക്തമായ സമരം വേണ്ടി വന്നു. തുടര്‍ന്ന് 1970 ജനുവരി ഒന്നിന് നിയമം ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുവാനുള്ള വഴിയൊരുങ്ങി . മിച്ചഭൂമിക്കുവേണ്ടിയുള്ള സമരം വളരെ ശക്തമായി നടന്ന ഒരു പഞ്ചായത്താണ് തരൂര്‍. കൂലി ് കൂടുതല്‍, ജോലിസ്ഥിരത എന്നിവയ്ക്ക് വേണ്ടി പഞ്ചായത്തിലുടനീളം സമരം സംഘടിപ്പിച്ചു. ഇതില്‍ എടുത്തുപറയേണ്ടത് 1972ലെ മണ്ണഴിക്കളം സമരമാണ്. 128 ദിവസങ്ങളോളം നീണ്ടുനിന്ന ഈ പോരാട്ടം തരൂരിലെ കര്‍ഷകരുടെ സഹനത്തിന്റെയും കൂട്ടായ്മയുടേയും ഉദാഹരണമാണ്്. പഴമ്പാലക്കോട്ടില്‍ മേടമാസത്തില്‍ നടന്നുവരുന്ന വിഷുവേല, തരൂരില്‍ മീനമാസത്തിലെ തിരുവാതിര നാളില്‍ നടന്നുവരുന്ന വേല, അത്തിപ്പൊറ്റയില്‍ മേടമാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച നടത്തുന്ന മാങ്ങോട്ടുകാവ് വേലതോണിപ്പാടം അമ്പലക്കാട്ടില്‍ മേടം മൂന്നാം തീയ്യതി നടത്തിവരുന്ന വിഷുവേല എന്നിവയുംപഞ്ചായത്തിലുടനീളം നടത്തുന്ന അയ്യപ്പന്‍ പാട്ടുകളും വാവുള്ള്യാപുരം പുഴുക്കല്‍ പള്ളി നേര്‍ച്ചയും, പഴമ്പാലക്കോട് കത്തോലിക്കാ പള്ളിയിലെ പള്ളിപ്പെരുന്നാളും ആഘോഷിക്കാറുണ്ട്. പഴയകാല സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും നാടന്‍ കലകളെ നിലനിര്‍ത്തുന്നതിനും ജാതീയവും മതപരവുമായ വേര്‍തിരിവുകളെ ഒഴിവാക്കുന്നതിനും പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും ഈ ഉല്‍സവങ്ങള്‍ പ്രയോജനപ്പെടുന്നു. വായനശാലകള്‍ സാംസ്കാരികരംഗം പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഈ പ്രവര്‍ത്തങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തരൂര്‍ ഗ്രന്ഥശാലയാണ്.