ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമി ശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് തരൂര്‍. ഒട്ടേറെ കുന്നുകളും മലകളും അവയുടെ താഴ്വാരങ്ങളും സമതലങ്ങളും ചേര്‍ന്ന ഈ പഞ്ചായത്തിലെ ഒരു പ്രധാന ജല സ്രോതസ്സാണ്  പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കൂടിയായ ഗായത്രിപുഴ. മലമ്പുഴ(ചൂലന്നൂര്‍) കനാലാണ് പഞ്ചായത്തിലെ മറ്റൊരു പ്രധാന ജലസ്രോതസ്സ്. ജലലഭ്യത ധാരാളമുള്ള ഈ പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലാണ്. പച്ചക്കറി, റബ്ബര്‍, കശുവണ്ടി, മാവ്, നിലക്കടല, വാഴ തുടങ്ങിയവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കൃഷിയിനങ്ങള്‍. ഭൂവിസ്തൃതിയുടെ 20%-വും വനപ്രദേശമാണ്. ധാരാളം മലകളും, കുന്നുകളും ഉണ്ടെന്നതും തരൂര്‍ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതയാണ്. കാര്‍ഷികമേഖലയില്‍ പഞ്ചായത്ത് മുന്‍പന്തിയില്‍ തന്നയാണ്. 1960 ല്‍ ആണ് തരൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 18 വാര്‍ഡുകളുള്ള പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 34.72 ചതുരശ്ര കിലോമീറ്റര്‍ ആണ്. മൊത്തം ഭൂവിസ്തൃതിയുടെ 20% വനപ്രദേശമാണ്. 24327 വരുന്ന ജനസംഖ്യയില്‍ 11708 പേര്‍ പുരുഷന്‍മാരും 12619 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത നിരക്ക് 67% ആണ്. ഇവിടുത്തെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടായ ഈ പഞ്ചായത്തില്‍ ശുദ്ധ ജലത്തിനായി 75 പൊതുകിണറുകളും 34 പൊതുകുടിവെള്ള ടാപ്പുകളും ഉണ്ട്. ചൂലന്നൂരിലെ മയില്‍ സങ്കേതവും, ഗായത്രിപുഴയോരവും ഈ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 11 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറുമുണ്ട്. പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാര യോഗ്യമാക്കുന്നതിന് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നുംതന്ന ഇല്ലെങ്കിലും കളിമണ്‍ പാത്രനിര്‍മ്മാണം, ഖാദി, നൂല്‍നൂല്‍പ്പ് എന്നിവയുടെ ചെറുകിട യൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ പായനെയ്ത്ത് ഒരു പരമ്പരാഗത വ്യവസായമായി പഞ്ചായത്തില്‍ നിലനില്‍ക്കുന്നു. കൃഷി കഴിഞ്ഞാല്‍ മറ്റൊരു പ്രധാന ജീവിത ഉപാധിയായി ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളതാണ് ഇത്തരം ചെറുകിട, പരമ്പാരാഗത വ്യവസായങ്ങള്‍. ഇവയെ കൂടാതെ റൈസ് മില്‍ പോലുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് തരൂര്‍. 1913-ല്‍ തരൂര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. 1917-ല്‍ സ്ഥാപിച്ച അത്തിപ്പൊറ്റ എല്‍.പി.സ്ക്കൂളാണ് രണ്ടാമത്തേത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സ്വകാര്യമേഖലയില്‍ പറയത്തക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പുതുതായി ഉണ്ടായില്ലെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ എല്‍.പി.സ്കൂളും, യുപി.സ്കൂളും, ഹൈസ്കൂളും ഉള്‍പ്പെടെ നിലവില്‍ 7 വിദ്യാലയങ്ങള്‍ ഉണ്ട്. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി അത്തിപ്പൊറ്റയില്‍ സ്ഥിതി ചെയ്യുന്നു. കാനറ ബാങ്കിന്റെ ഒരു ശാഖ പഴമ്പാലക്കോട് പ്രവര്‍ത്തിക്കുന്നു, യൂണിയന്‍ ബാങ്ക്ശാഖ അത്തിപ്പൊറ്റയിലും. കൂടാതെ  പഴമ്പാലക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖകള്‍ പഴമ്പാലക്കോടും, അത്തിപ്പൊറ്റയിലും, തരൂർ പളളി ജംഗ്ഷനിലും അര്‍ബ്ബന്‍ സഹകരണ ബാങ്കിന്റെ ഒരു ശാഖ തോണിപാടത്തും പ്രവര്‍ത്തിക്കുന്നു. തരൂരില്‍  ഒരു ഓഡിറ്റോറിയവും പഴമ്പാലക്കോട് സ്വകാര്യ ഉടമസ്ഥതയിലുളള വക രണ്ട് കല്യാണമണ്ഡപങ്ങളും, തരൂർ പളളി ജംഗാഷനില്‍ ഒരു ഓഡിറ്റോറിയവും  ഉണ്ട്. വൈദ്യുതി ബോര്‍ഡ് ഓഫീസ് പാടൂർ, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ എന്നിവ യുടെ കീഴിലാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍, കൃഷിഭവന്‍ അരിയശ്ശേരിയിലും, ടെലിഫോണ്‍ എക്സ്ചേഞ്ച് പഴമ്പാലക്കോടും സ്ഥിതി ചെയ്യുന്നു. കൂടാതെ അത്തിപ്പൊറ്റയിലും, തരൂരിലുമായി രണ്ട് വില്ലേജ് ഓഫീസുകളും 5 തപാല്‍ഓഫീസുകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പഞ്ചായത്തിലെ ഗതാഗതരംഗത്ത് ഒട്ടേറെ മുന്നറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെ നിലവിലുളള റോഡുകള്‍ ഗതാഗതയോഗ്യമാണെങ്കിലും കൂടുതല്‍ വികസനപദ്ധതികള്‍ ആവശ്യമാണ്. ആലത്തുര്‍-തോലനൂര്‍ റോഡും, കഴനി -പഴമ്പാലക്കോട് റോഡുാമണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. ലക്കിടി റെയില്‍വേ സ്റ്റേഷനാണ് ഗ്രാമപഞ്ചായത്തിന് ഏറ്റവും അടുത്തുളള റെയില്‍വേ സ്റ്റേഷന്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. പഴമ്പാലക്കോട് ബസ് സ്റ്റാന്റ്, അത്തിപ്പൊറ്റ ബസ് സ്റ്റാന്‍ഡ്, തരൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രികരിച്ചിരിക്കുന്ന മൂന്ന് സ്ഥലങ്ങള്‍. ആദ്യകാലങ്ങളില്‍ കോടത്തൂര്‍ കടവിലും കുട്ടിലമുക്ക് കടവിലും കടത്ത്തോണികള്‍ ഉണ്ടായിരുന്നു എന്നതൊഴികെ നിലവില്‍ ജലഗതാഗതം പഞ്ചായത്തില്‍ ഇല്ല എന്നു തന്ന പറയാം. അത്തിപ്പൊറ്റ, കുരുത്തിക്കോട് പാലം എന്നിവ ഇവിടുത്തെ ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചോതുന്ന പ്രധാന പാലങ്ങളാണ്. പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് പഴമ്പാലക്കോട്. അത്തിപ്പൊറ്റയിലും പഴമ്പാലക്കോടും ചന്തകള്‍ ഉണ്ട്. വിവിധ മതസ്തരുടേതായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങളും, 8 മുസ്ളിം പള്ളികളും 3 ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊളളുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവിധ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിലെ ജനങ്ങളുടെ ഐക്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്നവയാണ്. പഴമ്പാലക്കോട് വിഷുവേല, തരൂര്‍ വേല, തരൂര്‍ പള്ളി നേര്‍ച്ച, അയ്യപ്പന്‍ വിളക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. അറിയപ്പെടുന്ന എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, സ്വാതന്ത്ര്യസമരസേനാനിയും, മാതൃഭൂമി സ്ഥാപകനുമായ കെ.പി.കേശവമേനോന്‍, സ്വാതന്ത്ര്യ സമരസേനാനിയായ കോസുക്കുട്ടിമേനോന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായിരുന്നു. പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ പ്രവര്‍ത്തകനും  ശശിതരൂര്‍ ഈ നാട്ടുകാരനാണെന്നതും ഈ പഞ്ചായത്തിന് അഭിമാനിക്കാനുള്ള വക നല്കുന്നു. കെ.പി. കേശവമേനോന്‍ ഓഡിറ്റോറിയം പഞ്ചായത്തിലെ ഒരു പ്രധാന സാംസ്കാരിക സ്ഥാപനമാണ്. കോസുക്കുട്ടി മേനോന്‍ സ്മാരക ഗ്രന്ഥാലയവും പഴമ്പാലക്കോടും അത്തിപ്പൊറ്റയിലും ഉള്ള ഗ്രാമീണവായനശാലകളും പഞ്ചായത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളാണ്.ആരോഗ്യപരിപാലന രംഗത്ത് തരൂര്‍ പഞ്ചായത്ത് ഒട്ടും പിറകിലല്ല. തരൂരിലെ ആയുര്‍വേദ ആശുപത്രിയും, പഴമ്പാലക്കോട് ഉള്ള ഫാമിലി ഹെല്‍ത്ത് സെന്‍ററും ഹോമിയോ ഡിസ്പെന്‍സറി, തോടുകാടും ആരോഗ്യ പരിപാലന രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്.